കളികൂട്ടുകാരും ആത്മാര്‍ത്ഥ സുഹുര്‍ത്തുക്കളും നമ്മുടെജീവിതത്തില്‍ ഒരുപാട് സ്വാധീനം ചെലുത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈ വക ജീവികള്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനത്തില്‍ പെടുത്താന്‍ സമയം ആയി എന്നുതോന്നുന്നു.അത് ഇന്ന് കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഇന്റര്‍നെറ്റ് സൌഹൃദങ്ങളില്‍ വന്നു നില്‍ക്കുന്നു .ഇന്ന് ആരോടും,നിരന്തരം സഹകരിക്കുന്ന പത്തു പേരുടെ പേരുകള്‍ പറയാന്‍ പറഞ്ഞാല്‍ അതില്‍ ഏഴുപേരും ഇന്‍റര്‍നെറ്റില്‍ നിന്നും ലഭിച്ച കൂട്ടുകാരായിരിക്കും എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.അവിടെ ആണ് സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെപ്രാധാന്യത്തെ നാം നോക്കി കാണേണ്ടത്.
കാണാമറയത്തെ സുഹുര്‍ത്തുക്കളുടെ ഷെയറിംഗ് ആണ് ഇത്തരം സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ കൊണ്ട് ഉദേശിക്കുന്നത് .ഒരു സുഹുര്‍ത്തിനോടു പറയാന്‍ ഉള്ളത് കൂട്ടുകാരോടും മറ്റും പങ്കുവയ്ക്കല്‍ - അത് നമ്മുടെ ആശയങ്ങള്‍ (ideas),പ്രവര്‍ത്തനങ്ങള്‍(activities),വിശേഷങ്ങള്‍(events), അഭിരുചികള്‍(interests) തുടങ്ങിയവ ഒക്കെ ആകാം.ഇതില്‍ രാഷ്ട്രീയ,സാമൂഹിക,സാമ്പത്തിക, സാംസ്കാരികവിഷയങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.ഈനിലയ്ക്കാണ് ഫേസ് ബുക്ക് ,ഗൂഗിള്‍ പ്ലസ് ,ട്വിറ്റെര്‍,ഓര്‍ക്കുട്ട് തുടങ്ങിയ ഇന്ത്യയില്‍ കൂടുതല്‍ പ്രചാരത്തിലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം.സാങ്കേതിക വിദ്യകളുടെ പുരോഗമനത്തോട് കൂടി ഓരോ ഭാഷയിലേക്കും ഇതു വളര്‍ന്നു.അങ്ങനെആണ് ഇത്തരം കൂട്ടായ്മകള്‍ മലയാളത്തിലും രൂപാന്തരം പ്രാപിക്കുന്നത്.
നിംഗ്.കോം,വേര്‍ഡ്‌പ്രസ് ആണ് ആദ്യം മലയാള കൂട്ടായ്മക്ക് ഉല്പ്രേരകവും വഴികാട്ടിയും ആയിത്തീര്‍ന്നത്.എന്നാല്‍ ഇപ്പോള്‍ സ്വതന്ത്രമായും കൂട്ടായ്മകള്‍ ചെയ്തു വരുന്നു.മലയാളത്തിലെ ആദ്യത്തെ കൂട്ടായ്മയില്‍ നിന്നു ഇവിടെ വരെ എത്തി നില്‍ക്കുമ്പോള്‍ ശ്രദ്ധേയമായ ചിലവസ്തുതകള്‍ കാണാതിരുന്നു കൂടാ.ഭൂരിഭാഗം കൂട്ടായ്മകള്‍ ഉണ്ടായിരിക്കുന്നത് പടല പിണക്കത്തില്‍ നിന്നും വാശിയിലും വൈരാഗ്യത്തില്‍ നിന്നുമാണ് എന്നു കാണാം.ഒരുകൂട്ടായ്മയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവര്‍ തങ്ങള്‍ക്കു യോജിക്കാന്‍ കഴിയാത്തകാരണത്താല്‍ പുതിയ ഒരു കൂട്ടായ്മ തുടങ്ങുക ,അതില്‍ പഴയ കൂട്ടായ്മയില്‍ ഉള്ള കൂട്ടുകാരെ കൊണ്ട് വരിക,പരസ്പരം ചെളിവാരി എറിഞ്ഞു നടക്കുക എന്നിങ്ങനെ പോകുന്നു അതിലെ കോലാഹലങ്ങള്‍ .!!കേരള രാഷ്ട്രീയത്തെ പോലും ലജ്ജിപ്പിക്കുന്ന നാലാംകിട നാറിത്തരങ്ങളായി ഇത്തരം കൂട്ടായ്മകള്‍ അധ:പതിച്ചു പോകുന്നത് ആരും തിരിച്ചറിയാന്‍ ശ്രമിക്കുന്നില്ല എന്നത് ശ്രദ്ധേയമായ ഒന്നാണ്.
എന്നിട്ടും ഇതൊരു സൌഹൃദ കൂട്ടായ്മ ആണന്നും ഇതൊരു കുടുംബം ആണന്നുമൊക്കെയാണ് ഇക്കൂട്ടര്‍ പറഞ്ഞു നടക്കുന്നതും അവകാശപ്പെടുന്നതും.!അപ്പോള്‍ എന്താണ് സൌഹൃദം ?എന്താണ് കുടുംബം? എന്നുള്ളത് തീരെ നിശ്ചയമില്ലാതെ പോയിരിക്കുന്നു എന്നര്‍ത്ഥം.പിണക്കങ്ങളും ഇണക്കങ്ങളും വഴക്കും സ്നേഹവും എല്ലാം ഒരു സൌഹൃദത്തില്‍ എന്നപോലെ കുടുംബത്തിലും ഉണ്ടാകാറുണ്ട്.അങ്ങനെ ഉണ്ടാവുകതന്നെ വേണം.അപ്പോഴാണ് സ്നേഹം ഊട്ടി ഉറപ്പിക്കാന്‍ ഉപോല്‍ബലകമായ പലതും ഉണ്ടായിതീരുന്നത്.
ചിലവഴികാട്ടലുകള്‍ക്കും സൌകര്യങ്ങള്‍ക്കും വേണ്ടിയാണ് അഡ്മിന്‍ എന്ന ഒരു സങ്കല്‍പം ഉണ്ടാക്കിയിരിക്കുന്നത്.എന്നാല്‍ ഇതു ഏതോ'സുപ്പെര്‍പവര്‍' ആയും മാടമ്പിത്തരങ്ങള്‍ക്കുമായും വിനിയോഗിക്കുമ്പോള്‍ നഷ്ടമാകുന്നത് നല്ലൊരുകൂട്ടായ്മ ആണ് എന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. എല്ലാ കൂട്ടായ്മയുടെയും പ്രശ്നം എന്നും ഈ മാടമ്പികളാണ് എന്ന സത്യം നാം മറന്നു കൂടാ.
ഇംഗ്ലീഷ് എഴുത്തുകാരനായ എ.ജി.ഗാര്‍ഡിനര്‍ ഒരു ലേഖനത്തില്‍ സ്വാതന്ത്ര്യത്തെ വിവരിക്കാന്‍ എടുത്തു കാട്ടുന്ന ഒരു ഉദാഹരണം ഒരു കൂട്ടായ്മയിലെ അഡ്മിനും അംഗങ്ങളും എങ്ങനെ ആയിരിക്കണം എന്നു പറയാന്‍ ഉത്തമ ഉദാഹരണം ആണന്നു തോന്നുന്നു.ലേഖനത്തില്‍ ഇങ്ങനെ വിവരിക്കുന്നു,"ഒരാള്‍ക്ക് റോഡില്‍ കൂടി വാഹനം ഓടിച്ചു കൊണ്ട് പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട്.എന്നാല്‍ വഴിയില്‍ നിന്നു കൈകാണിച്ചു നിയന്ത്രിക്കുന്ന ട്രാഫിക് പോലീസ് അയ്യാളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുകയല്ല,മറിച്ചു അവന്റെ സുഗമമായ യാത്രക്കുള്ള നിയന്ത്രണങ്ങള്‍ ആണ്." സ്വാതന്ത്ര്യം ഉണ്ട് എന്നു കരുതി റോഡില്‍ കൂടി തനിക്കു തോന്നുന്നത് പോലെ വാഹനം ഓടിക്കുന്നത് അപകടകരമായ പോക്കാണ്.അതിനു വേണ്ടി ആണ് അഡ്മിന്‍ എന്ന ട്രാഫിക് പോലീസ് .അഡ്മിന്‍ ഒരു സൂപ്പര്‍പവര്‍ ആയി കാണുമ്പോഴാണ് യാത്രക്കാരനെ തടഞ്ഞു നിര്‍ത്തി സകല പരിശോധനക്ക് ശേഷവും ഒരു കുറ്റവും കണ്ടില്ല എങ്കില്‍ വാഹനം ഓടിച്ചവന്റെ മീശ ചുരുട്ടി മേലോട്ട് വച്ചു എന്ന കാരണത്താല്‍ പിഴ എഴുതി നല്‍കുന്നത്. നിയമം തെറ്റിക്കാതെ യാത്രചെയ്യുന്നവനെ "ഇന്നലെ തന്റെ തെമ്മാടിത്തരത്തിനു കൂട്ട് നിന്നില്ല " എന്നകാരണത്താല്‍ ശിക്ഷാ വിധി തനിക്കു തോന്നും പോലെ നടപ്പാക്കുന്നതിനല്ല അഡ്മിന്‍ സൂപ്പര്‍ പവര്‍ പ്രയോഗിക്കേണ്ടത്.അതൊരു ശരിയായ കീഴ്വഴക്കവും അല്ല.
തിരിച്ചടിക്കാന്‍ കഴിയാത്ത ഒരുവനെ ഒരു ആരോഗ്യവാനു എത്ര വേണമെങ്കിലും തല്ലാം.അത് ആണത്തമല്ല.തുല്യ ആരോഗ്യം ഉള്ളവര്‍ തമ്മില്‍ പൊരുതി ജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നത് അന്തസാണ്.ഇതു പോലെ തന്നെ ആണ് അഡ്മിന്റെകാര്യത്തിലും.ഒരു അംഗം മാന്യമായി പറയുന്നത് തനിക്കു ഇഷ്ടമില്ലാ എങ്കില്‍,പറയുന്നവരെ നീക്കം ചെയ്യുകയും അവരുടെ കമന്റുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നതും ആണത്തമായി ഏതെങ്കിലും അഡ്മിന്‍ ദേഹങ്ങള്‍ കരുതുന്നുണ്ടങ്കില്‍ അത് ഭീരുത്വം ആണ്.ഇതു അവരുടെ വിജയം ആണ് എന്നു കരുന്നുവെങ്കില്‍ വെറും മൂഡസ്വര്‍ഗത്തിലാണ് ജീവിക്കുന്നത് എന്നും തിരിച്ചറിയേണ്ടതാണ് .
ഒരിക്കല്‍ ഒരു കൂട്ടായ്മയിലെ അഡ്മിന്‍ സുഹൃത്ത് സൂചിപ്പിച്ചത് ഞാനോര്‍ക്കുന്നു.ഒരാളുടെ സ്വന്തം പൈസ ചിലവഴിച്ചു ഒരു കൂട്ടായ്മ ഉണ്ടാക്കിയാല്‍ അയ്യാള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ അത് നിയന്ത്രിക്കുകയും ഇഷ്ടമില്ലാത്ത കമന്റുകളും ഡിലീറ്റ് ചെയ്യുകയും ഇഷ്ടം ഇല്ലാത്തവരെ നീക്കം ചെയ്യുകയും ചെയ്യാനുള്ള സ്വാതന്ത്ര്യം അയ്യാള്‍ക്കുണ്ട് എന്നു.ഇതൊരു വഴിപിഴച്ച ചിന്ത ആണ്.കുടുംബം ,സൌഹൃദ കൂട്ടായ്മ എന്നൊക്കെ വീമ്പു പറഞ്ഞുനടക്കുകയും മാടമ്പിത്തരം കാട്ടുകയും ചെയ്യുന്നതിനെ എങ്ങനെ ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്നു വിളിക്കാന്‍ കഴിയും?അപ്പോള്‍ സൌഹൃദത്തെക്കാള്‍ മറ്റെന്തൊക്കെയോ ആണ് ലക്ഷ്യമിടുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.ചില ആഗ്രഹങ്ങള്‍ നടപ്പില്‍വരുന്നതിനു വിഘാതങ്ങള്‍ ആകുന്നവ വെട്ടിമാറ്റുകയാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
പിണക്കവും ഇണക്കവും കളിയാക്കലും വിമര്‍ശനവും ഒക്കെ ചേര്‍ന്നതാണ് സൌഹൃദം.അവിടെ രാജാവും പ്രജയുമില്ല.ആജ്ഞാപിക്കാനോ പഞ്ചപുച്ഛമടക്കി നിശബ്ദരായിനില്‍ക്കുന്നവരോ ഇല്ല.എല്ലാവരും സമന്മാരാണ്.കാശ് ചിലവഴിച്ചു എന്ന കാരണത്താല്‍ സൌഹൃദത്തിന്റെ മടികുത്തില്‍ പിടിച്ചു മാനത്തിനു വിലപറയാന്‍ വന്നാല്‍ ചാരിറ്റി എന്നു ബോര്‍ഡ് വച്ചിട്ട് വ്യഭിചാരം നടത്തുന്നത് പോലെ ആകും.അവിടെ മാനത്തിനുവില ചോദിച്ചാല്‍ പ്രതികരിക്കുന്നവരുണ്ടാകും.അല്ലാത്തവര്‍'മുതലാളിമാരുടെ' തലോടല്‍ സുഖമുള്ള അനുഭവം ആക്കിമാറ്റും.അതുമല്ലങ്കില്‍ വിധിയെ പഴിച്ചു ആത്മഹത്യക്ക് തുല്യമായ ജീവിതം നയിക്കേണ്ടിയും വരും.ഇതില്‍ ഏത് വിഭാഗത്തില്‍ ആണ് ഓരോ അംഗങ്ങളും എന്നു സ്വയം വിലയിരുത്തുക.
ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കിനു ഒരു കാഴ്ചപ്പാട് ഉണ്ടായിരിക്കണം.ഒരു ലക്ഷ്യമുണ്ടായിരിക്കണം.അത് വ്യക്തിപരമായ ഹിഡന്‍അജണ്ടയില്‍ കെട്ടിപടുത്തതായിരിക്കരുത്.ഒരു കൂട്ടായ്മ മധുരമൂറുന്ന ചാറ്റിങ്ങിലോ ആത്മാര്‍ഥത ഇല്ലാത്ത പുകഴ്ത്തലുകളോ കാക്കയുടെയും പൂച്ചയുടെയും പേര് പറഞ്ഞുകളിക്കലോ അക്ഷരം മാറ്റി കളിക്കലോ കുറച്ചു ബ്ലോഗുകളിലോ മാത്രമായി ഒതുങ്ങി പോകരുത്.അതിനോടൊപ്പം രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കാലിക പ്രാധാന്യം ഉള്ളവിഷയങ്ങളില്‍ ശക്തമായ അഭിപ്രായങ്ങള്‍ പറയാനും ഇടപെടാനും അതില്‍ വേറിട്ട സംഭാനകള്‍ചെയ്യാനും കഴിയണം.(ഈ അടുത്ത സമയത്ത് ഒരു കൂട്ടായ്മയില്‍ ഒരു അഡ്മിന്‍ പറഞ്ഞത്കേട്ടു ചിരിച്ചു പോയി.ഇനി രാഷ്ട്രീയ ഡിസ്കഷനുകള്‍ ഇട്ടാല്‍ മുന്നറിയിപ്പ് കൂടാതെ ഡിലീറ്റ് ചെയ്യുമന്ന്!! ഒരു സോഷ്യല്‍ നെറ്റ് വര്‍ക്ക് നടത്താന്‍ യാതൊരു യോഗ്യതയും ഇയ്യാള്‍ക്കില്ല എന്നു ഇതില്‍ നിന്നു മനസ്സിലാക്കാമല്ലോ.)അപ്പോഴാണ് കൂട്ടായ്മക്ക് ഒരു അര്‍ഥം ഉണ്ടാകുന്നത്.നിര്‍ഭാഗ്യം എന്നു പറയട്ടെ മലയാളത്തിലെ ഭൂരിഭാഗം കൂട്ടായ്മകളും ഇത്തരത്തില്‍ അല്ല എന്നതാണ് സത്യം.വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരമ്മക്ക് മകനെ നഷ്ടപ്പെട്ടപ്പോള്‍ തിരിച്ചു കിട്ടിയതും,ഈ അടുത്ത കാലത്ത് നിരാലംബനായ ഒരാളെ രക്ഷാകേന്ദ്രത്തില്‍ എത്തിച്ചതും,ഇപ്പോള്‍ നടന്നു വരുന്ന നഴ്സുമാരുടെ സമരവും എല്ലാം സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ സംഭാവനകള്‍ ആണ്.ഇത്തരത്തില്‍ നാടിന്റെ ശബ്ദവും സംഭാവനയും ആകണംസോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ .
അംഗങ്ങളുടെ കഴിവിനെ കൂട്ടായ്മക്ക് എങ്ങനെ ഗുണകരമായി പ്രയോജനപ്പെടുത്താം എന്നതായിരിക്കണം അഡ്മിന്റെ കടമ.പല കൂട്ടായ്മകളുടെയും പരാജയവും ഇത് തന്നെ എന്നതാണ്.അഡ്മിന്‍ തമ്മില്‍ എത്ര സൗഹൃദമായിരുന്നാലും അത് പെരുപ്പിച്ചു കാട്ടി മറ്റു സൌഹൃദങ്ങള്‍ക്ക് കോട്ടം തട്ടത്തക്ക രീതി കഴിവതും ഒഴിവാക്കുന്നത് നന്നായിരിക്കും.കാരണം സൌഹൃദത്തില്‍ ഒരിക്കലും ഗ്രൂപ്പ് കളി ഇല്ല എന്നത് തന്നെ ആണ്.
അംഗങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിപറഞ്ഞു ഈ ലേഖനം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.ഒരു ചര്‍ച്ച ഇടുമ്പോള്‍ അതില്‍ അഭിപ്രായം പറയാന്‍ ഉള്ള മിനിമം സ്വാതന്ത്ര്യം ചര്‍ച്ച നയിക്കുന്ന ആള്‍ നിര്‍ബന്ധമായും മറ്റുള്ളവര്‍ക്ക് നല്‍കേണ്ടതാണ്.ഈ ചര്‍ച്ചയില്‍ വിമര്‍ശിക്കാന്‍ പാടില്ല.ആര്‍ക്കു വേണമെങ്കിലും പുകഴ്തി പറയാം എന്ന ഒരു കാഴ്ചപാട് സ്വയം പരിഹാസ്യപാത്ര ആകുന്നതിനു തുല്യം ആണ് എന്നു അറിയേണ്ടതാണ്.പ്രൊഫൈല്‍ പേജുകള്‍ പൂട്ടി വയ്ക്കുന്നത് (moderate )ഒരു നല്ല സൗഹൃദത്തില്‍ ഒട്ടും ചേര്‍ന്നതല്ല .എങ്കിലും ക്ഷമിക്കാവുന്നത് തന്നെ.കാരണം പൂട്ടി വയ്ക്കുന്നവര്‍ക്ക് മറ്റെന്തോ രഹസ്യമായി വയ്ക്കാന്‍ ഉണ്ട് എന്നത് തീര്‍ച്ച .അത് ഒരാളുടെ വ്യക്തിപരമായ കാര്യം ആണ് എന്നതുകൊണ്ട് വിട്ടേക്കാം.എന്നാല്‍ ബ്ലോഗുകളും ചര്‍ച്ചകളും ഇടുമ്പോള്‍ കമന്റുകള്‍ പൂട്ടി വയ്ക്കുന്നത് അത്യന്തം ഖേദകരം എന്നു പറയാതെ തരമില്ല.അഭിപ്രായങ്ങള്‍ പറയാന്‍ ആവശ്യപ്പെടുകയും മോഡറേറ്റ് ചെയ്യുന്നതിലെ വിരോധാഭാസവും ഒട്ടും ആത്മാഭിമാനം ഉള്ള ഒരാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല.(വിരുന്നുകാരന്‍ വീട്ടില്‍ വരുമ്പോള്‍ വാതില്‍ അടച്ചിടുന്നത് പോലെ ആണിത്.)അഭിപ്രായം ഇടുന്നവരോട് കാട്ടുന്ന അപമര്യാദ ആണ് അത് ,എന്ത് ന്യായീകരണങ്ങള്‍ നിരത്തിയാലും.വിമര്‍ശനങ്ങളില്‍ അസഹിഷ്ണുത കാട്ടേണ്ടതില്ല.വഴിതെറ്റിക്കുന്ന പുകഴ്ത്തലുകളേക്കാള്‍ ക്രീയാത്മകവും ശക്തമായ വിമര്‍ശനങ്ങള്‍ ആണ് ഗുണകരം എന്ന ബോധവും ഉണ്ടാകേണ്ടതാണ്.ഒരു കൂട്ടായ്മ എന്നത് അഡ്മിന്റെ ധാര്‍ഷ്ട്യവും ഒരംഗത്തിന്റെ തെമ്മാടിത്തവും കാട്ടാനുള്ള വേദിയല്ല.പ്രതിപക്ഷ ബഹുമാനത്തില്‍ പരസ്പരം ശക്തവും വ്യക്തവുമായ ഭാഷയില്‍ സംവദിക്കാവുന്നതാണ് .ഒരു കൂട്ടായ്മയുടെ വളര്‍ച്ച അവിടെ നിന്നാണ് തുടങ്ങുന്നതും.ചുരുക്കത്തില്‍ ഒരു കൂട്ടായ്മയില്‍ ഞാനോ ഞങ്ങളോ ഇല്ല.നമ്മള്‍ മാത്രം.അതല്ലാ എങ്കില്‍ ഓരോ പ്രവര്‍ത്തനങ്ങളും ആ കൂട്ടായ്മയുടെ ശവപ്പെട്ടിക്ക് അടിക്കുന്ന ആണികള്‍ ആയി തീരും എന്ന് ഓര്‍ത്താല്‍ നന്ന്.